AroundMaps Logo
Search
Add Listing

About Kattayil Palakottu Devi temple

" സര്വ്വ മംഗള മംഗല്യേ ശിവേ സര്വാര്ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "

Tags

Description

🕉ഓം ഐം ക്ളീം സൗംഹ്രീം ഭദ്ര­കാള്യൈ നമഃ🕉

കൊല്ലം ജില്ല­യിൽ കൊട്ടാ­ര­ക്കര താലൂ­ക്കിൽ ഓട­നാ­വട്ടം കട്ട­യിൽ ദേശത്ത്‌ തികച്ചും ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും ചിര­പു­രാ­ത­ന­വു­മായ ശ്രീ പാല­യ്ക്കോട്ട്‌ ഭഗ­വ­തി­ക്ഷേ­ത്ര­ത്തിന്‌ ഏക­ദേശം ആയി­ര­ത്തിൽപരം വർഷം പഴ­ക്ക­മു­ള്ള­തായി ചരിത്രകാരന്മാർ സാക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ആരാ­ധനാ­മൂർത്തി­യായി അഷ്ട­സ്വ­രൂ­പി­ണി­യായ ഭഗ­വതി ഇവിടെ കുടി­കൊ­ള്ളു­ന്നു. 2016 മാർച്ച്‌ മാസം 10-‍ാം തീയതി 12.15 ന്‌ ക്ഷേത്ര­ത്തിന്റെ നവീ­ക­രണ ഭാഗ­മായി വിധി­പ്ര­കാരം ആധാ­ര­ശി­ലാ­സ്ഥാ­പനം ഷഡാ­ധാ­ര­പ്ര­തി­ഷ്ഠ­യിൽ നടക്കുകയും പുനർനിർമ്മി­ക്കു­കയും ചെയ്തു. ആധാ­ര­ശി­ല, ധന്യ­പീ­ഠം, നിധി­കും­ഭം, പത്മദളം, കൂർമ്മം, യോഗ­നാളം,നപുംസക ശില എന്നിവ ചേരു­ന്ന­താണ്‌ ഷഡാ­ധാ­രം. മൂലാ­ധാ­രം, സ്വാധി­ഷ്ഠാ­നം, മണി­പൂ­ര­കം, അനാഹാതം , പഞ്ച­പ്രാ­ണം, വിശുദ്ധി, മുക­ളിൽ ആജ്ഞ എന്നീ ആധാ­ര­ച­ക്ര­ങ്ങളെ ആസ്പ­ദ­മാ­ക്കി­യാണ്‌ ഷഡാ­ധാ­ര­പ്ര­തിഷ്ഠ ചെയ്യു­ന്ന­ത്‌. ക്ഷേത്ര­പു­നർനിർമ്മി­തി­യുടെ വിവിധ ഘട്ട­ങ്ങ­ളിൽ കണ­ക്കിൽ അണു­വിട തെറ്റാതെ കൃഷ്ണ­ശി­ലയിൽ പഞ്ച­വർഗ്ഗവും, പൂർണ്ണ­മായും വന­ത്തിലെ തേക്കു­ത­ടി ഉപ­യോ­ഗിച്ച്‌ തച്ചു­ശാ­സ്ത്രത്തിൽ നൂത­ന­കാ­ല­ഘ­ട്ട­ത്തിന്‌ യോജിച്ച കൊത്തു­പ­ണി­കളോടു കൂടി ക്ഷേത്ര­ത്തിന്റെ ചട്ട­ക്കൂടും, ഉത്തരക്കൂടും , ചെമ്പോല ഉപ­യോ­ഗിച്ച്‌ മേച്ചി­ൽപുറവും, സ്വർണ്ണം കൊണ്ട്‌ പൂശിയ താഴി­ക­ക്കു­ടവും ശ്രീ.­രാജു മുത്തോലി (റിട്ട.ക്ഷേത്രം ശില്പി, തിരുവിതാംകൂർ ദേവസ്വം ബോർഡ്) വാസ്തുശില്പ­കലാ വൈദ­ഗ്ധ്യ­ത്തിൽ നിർമ്മിച്ചു നൽകി. ഒരു വർഷ­ത്തി­നു­ള്ളിൽ പൂർത്തീ­ക­രിച്ച്‌ പുനഃ­പ്ര­തി­ഷ്ഠാ­കർമ്മം നട­ത്തു­വാൻ കഴി­ഞ്ഞു­വെ­ന്നത്‌ പാല­യ്ക്കോട്ട്‌ ഭഗ­വ­തി­യുടെ അനു­ഗ്രഹം ഒന്നു കൊണ്ട്‌ മാത്ര­മാ­ണ്‌. പുനഃ­പ്ര­തി­ഷ്ഠാ­കർമ്മം 2017 ഫെബ്രു­വരി 6 (1192 മകരം 24) തിങ്ക­ളാഴ്ച രാവിലെ 9.40നും 10.20നും മദ്ധ്യേ ക്ഷേത്രം തന്ത്രി അടൂർ പന്നി­വിഴ ഇട­മ­ന­മ­ഠ­ത്തിൽ ബ്രഹ്മ­ശ്രീ. ശ്രീനാ­രാ­യ­ണര്‌ പണ്ടാ­ര­ത്തിൽ നിർവ്വ­ഹി­ക്കും.

പുനർനിർമ്മി­തി­യുടെ മുൻപുള്ള ക്ഷേത്രം കരി­ങ്കല്ലും തടി­കളും പ്രധാ­ന­മായും പ്ളാവ്‌, ആഞ്ഞിൽ, മേച്ചി­ലോട്‌ എന്നി­വ­യാൽ നിർമ്മി­ക്ക­പ്പെ­ട്ട­വ­യാ­യി­രു­ന്നു. ചട്ട­ക്കൂ­ട്ടിലെ ആഞ്ഞി­ലി­പ­ല­ക­യിൽ പഴയ മല­യാള അക്ക­ത്തിൽ ൮൪ (84)എന്ന്‌ കൊത്തി­വ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. പല പ്രാവശ്യം ജീർണ്ണോ­ദ്ധാ­രണം നട­ന്നി­ട്ടു­ണ്ടെന്ന്‌ പഴ­മ­ക്കാർ പറ­യു­ന്നു. ക്ഷേത്രം നിർമ്മി­ക്ക­പ്പെട്ടതോ ജീർണ്ണോ­ദ്ധാ­രണം ചെയ്യപ്പെട്ട വർഷമോ ആയി­രി­ക്കു­മത്‌ എന്ന്‌ അനു­മാ­നി­ക്ക­പ്പെ­ടു­ന്നു. പഴ­യ­ക്ഷേ­ത്ര­ത്തിന്റെ തോത്‌ അംഗു­ലം, കോൽ കണ­ക്കിൽ തന്നെ­യാണ്‌ പുതി­യ­ക്ഷേ­ത്രവും നിർമ്മി­ച്ചി­ട്ടു­ള്ള­ത്‌. അതിനു മുമ്പുള്ള വിവ­ര­ങ്ങ­ളൊന്നും നമ്മു­ടെ­യി­ട­യിൽ അറി­യാ­വു­ന്ന­വർ ഇല്ലെന്ന്‌ തന്നെ പറ­യാം. എന്നാൽ ഇവി­ടെ­യുള്ള സ്ഥല­നാ­മ­ങ്ങ­ളു­ടേയും ഗൃഹ­പ്പേ­രു­ക­ളു­ടേയും അടി­സ്ഥാ­ന­ത്തിൽ ക്ഷേത്ര­ത്തിനെക്കുറിച്ച്‌ നൂറ്റാ­ണ്ടു­കൾക്കു­മുമ്പേ ഇന്നാ­ട്ടിലെ നിവാ­സി­ക­ളുടെ ആരാ­ധ­നാ­മൂർത്തി­യായി പാല­യ്ക്കോ­ട്ടു­ദേവി കുടി­കൊ­ണ്ടി­രു­ന്നു­വെന്നതിന്‌ തെളി­വു­ണ്ടെന്ന്‌ ചരി­ത്ര­ഗ­വേ­ഷകർ അഭി­പ്രാ­യ­പ്പെ­ടു­ന്നു.

പണ്ട്‌ ഇവിടം പാല (ചെ­മ്പ­കം, കള്ളി­പ്പാ­ല, യക്ഷി­പ്പാ­ല, ഏഴി­ലം­പാല‍) മര­ങ്ങ­ളുടെ ഘോര­വ­ന­മാ­യി­രു­ന്നു­വെന്നും പാല­യുടെ പോട്ടിൽ എവിടെ നിന്നോ ഒരു പൂവൻകോഴി പറന്ന്‌ വന്നി­രി­ക്കു­കയും നട്ടുച്ച നേരത്ത്‌ കോഴിയുടെ ഉച്ച­ത്തി­ലുള്ള കൂവൽ കേട്ട്‌ അതു വഴി വന്ന ഒരു തച്ചൻ തന്റെ കയ്യി­ലുള്ള പണി­യാ­യുധം കൊണ്ട്‌ പോട്ടിൽ തുളച്ച്‌ നോക്കി­യ­പ്പോൾ കോഴി അപ്ര­ത്യ­ക്ഷ­മാ­യി­യെന്നും പോട്ടിൽ നിന്നും ചോര വാർന്നു­വ­രു­ന്നത്‌ കണ്ട്‌ ഭീതി­പ്പെട്ട തച്ചൻ പാലവനത്തിൽ ദേവീ­സാ­ന്നിദ്ധ്യമുണ്ടെന്ന്‌ മന­സ്സി­ലാക്കി ദേവിയെ പാല­പ്പോ­ട്ടിൽ കുടിയിരുത്തി പൂജ ചെയ്തു­വെ­ന്നു­മുള്ള ഐതിഹ്യവുമു­ണ്ട്‌. പിൽക്കാ­ലത്ത്‌ ഈ സ്ഥലം ലോപിച്ച്‌ പാല­ക്കോ­ടായി മാറി.

ദ്രാവിഡ സംസ്കാ­ര­ത്തി­ലുള്ള വൈവി­ധ്യ­മാർന്ന ആചാ­ര­ങ്ങ­ളും അനു­ഷ്ഠാ­ന­ങ്ങ­ളും ക്ഷേത്ര­ക­ല­ക­ളും കൊണ്ട്‌ സമ്പു­ഷ്ട­മാണ്‌ ഈ ക്ഷേത്രം. മീന­മാ­സ­ത്തിലെ ഭരണി നക്ഷ­ത്ര­ത്തി­ലാണ്‌ ദേവി­യുടെ തിരു­വു­ത്സവം കൊണ്ടാ­ടു­ന്നത്‌. തിരു­വു­ത്സ­വ­ത്തിന്‌ മുമ്പു­തന്നെ തുട­ക്ക­മായി ഇവിടെ 41 ദിവസത്തെ തോറ്റംപാട്ട്‌ ആരംഭിക്കുന്നു. തികച്ചും വായ്മൊഴിയായി തുടർന്നു­വന്ന ഒരു കലാ­രൂ­പ­മാ­ണി­ത്‌. ദേവി­യുടെ കഥ­കൾ പാടി­പ്പു­ക­ഴ്ത്തു­ക­യാ­ണി­തിന്റെ ഐതി­ഹ്യം. സംഘ­കാ­ല­ത്തിലെ കണ്ണ­കീ­ച­രിതം കഥ­യാണ്‌ ഇതി­വൃ­ത്തം. ഏവർക്കും മന­സ്സി­ലാ­ക്കു­വാൻ എളു­പ്പ­മുള്ള ശൈലി­യി­ലാണ്‌ ഇവിടെ തോറ്റം­പാട്ട്‌ ആല­പി­ക്കു­ന്ന­ത്‌. ആയ­തി­നാൽ ധാരാളം ഭക്ത­ജ­ന­ങ്ങൾ പാട്ട്‌ കേൾക്കു­വാൻ ഇവിടെ എത്തു­ന്നു­ണ്ട്‌. ജന­ന­പ്പാ­ട്ട്‌, കൊല്ലും തോറ്റും, മാല­വയ്പ്‌ പാട്ട്‌ എന്നിവ തോറ്റം­പാ­ട്ടിന്റെ പ്രധാന ഭാഗ­ങ്ങ­ളാ­ണ്‌. ദേവിയും ബാല­ക­രു­മാ­യുള്ള മംഗ­ല്യ­മാണ്‌ മാല­വയ്പ്‌ പാട്ടിന്റെ കഥയിലെ ഉള്ള­ടക്കം. ഉത്സ­വ­ങ്ങൾക്ക്‌ തൃക്കൊ­ടി­യേറി എട്ടാം നാൾ മീന­ഭ­ര­ണി തിരുവുത്സവം. തലേ­ദി­വസം അശ്വതി നാളിൽ രാവിലെ 6 മണിക്ക്‌ ആയി­ര­ക്കിന്‌ അംഗ­ന­മാർ ഇവിടെ പൊങ്കാല അർപ്പി­ക്കു­ന്നു. നാനാ­ദി­ക്കിൽ നിന്നും ധാരാളം ഭക്ത­ജ­ന­ങ്ങൾ ക്ഷേത്ര­ത്തിൽ എത്തി­ച്ചേ­രു­ന്നു­ണ്ട്‌. അശ്വ­തി­നാ­ളിൽ 101 സ്വരൂപങ്ങൾക്കു വിശേഷാൽ പൂജയും , രാത്രി 9 മണിക്ക്‌ പള്ളി­വേട്ട അമ്പ­ല­ത്തും­കാ­ല­യിൽ നിന്നാ­രം­ഭി­ക്കു­ന്നു. ദേവിയുടെ പിതാ­വായ ശ്രീപ­ര­മ­ശി­വൻ വേടന്റെ വേഷ­ത്തിൽ വേട്ടയ്ക്ക്‌ പോയിവ­രു­ന്ന­താണ്‌ ഈ ചട­ങ്ങ്‌. ഭര­ണി­നാ­ളിൽ രാവിലെ ഉരുൾ, തല­യാ­ട്ടം, വേലൻപാ­ട്ട്‌, സർപ്പ­കാ­വിൽ പുള്ളു­വൻപാട്ട്‌ എന്നീ വഴി­പാ­ടു­കൾ നട­ത്തു­ന്നു. വൈകിട്ട്‌ 4 മണിക്ക്‌ ഗരു­ഢൻ തൂക്കം, കുട്ടി­കളെ എടു­ത്തു­തൂ­ക്കം, ചമ­യ­ത്തൂ­ക്കം, പ്രാത്തൂ­ക്കം, അമ്മാ­തൂ­ക്കം(­കു­ട്ടി­കളെ ഒരു­വ­ലത്ത്‌ എടു­ത്തു­തൂ­ക്കു­ന്ന­ത്‌), കെട്ടി­തൂ­ക്കം, പണ്ടാ­ര­തൂക്കം തുട­ങ്ങിയ ക്ഷേത്ര­ക­ല­കൾ നൂറ്റാ­ണ്ടു­ക­ളായി തന്നെ നട­ന്നു­പോ­രു­ന്നു. തികഞ്ഞ വ്രതാ­നു­ഷ്ഠാ­ന­ങ്ങ­ളോടെ നട­ന്നു­പോ­രുന്ന ക്ഷേത്ര­ക­ല­ക­ളാ­ണി­വ­യെ­ല്ലാം. ക്ഷേത്ര­ത്തിന്റെ തെക്കു­ഭാ­ഗത്ത്‌ സ്ഥിതി ചെയ്യുന്ന യോഗീശ്വ­ര­ക­ള­രി­യിൽ നിന്നാണ്‌ ഇവ­യെല്ലാം ആരം­ഭി­ക്കു­ന്ന­ത്‌. ദേവീ­ച­രി­ത­ത്തിൽ ദാരി­കാ­സു­ര­നു­മാ­യുള്ള യുദ്ധ­ത്തിന്‌ ദേവി­യുടെ പട­യാ­ളി­ക­ളാ­യി­ട്ടാണ്‌ ഇത്തരം കല­ക­ളുടെ സങ്ക­ല്പം. ദാരി­കൻ കഠിന തപ­സ്സു­കൊണ്ട്‌ പര­മ­ശി­വനെ പ്രത്യ­ക്ഷ­പ്പെ­ടുത്തി വരം നേടിയ കഥ ഇവിടെ അന്വർത്ഥ­മാ­കു­ന്നു­ണ്ട്‌. ആണി­നാലോ പെണ്ണി­നാലോ, ഭൂമി­യിലോ ആകാ­ശ­ത്തോ, രാത്രിയോ പകലോ തന്നെ നിഗ്ര­ഹി­ക്കാൻ പാടില്ല എന്നും ഒരു തുള്ളി രക്തം ഭൂമി­യിൽ പതി­ച്ചാൽ തുല്യ­രായ ഒരാ­യിരം അസു­രന്മാർ ജന്മ­മെ­ടു­ക്കണ­മെന്നുമാണ്‌ വരം ലഭി­ച്ചി­ട്ടു­ള്ള­ത്‌. അഹങ്കാരിയായ ദാരികന് ഒരിക്കൽ പെൺ കയ്യാൽ മരണമുണ്ടെന്ന മറുവരം ലഭിക്കുകയും ചെയ്തു. ആയ­തി­നാൽ ദേവിയെ ദാരികനിഗ്ര­ഹ­ത്തിന്‌ സഹാ­യി­ക്കു­ന്ന പട­യാ­ളി­കൾ എന്ന തര­ത്തി­ലാണ്‌ വില്ലിൽ തൂങ്ങി പയ­റ്റു­ന്ന­തിന്റെ ആശ­യം. അങ്ക­ത്തിന്‌ കച്ച­കെട്ടി അരയും തലയും മുറുക്കി വാളും പരി­ചയും വീശി അട­വു­കൾ പയ­റ്റു­ന്നു. പട­യാ­ളി­കൾ മുഖത്ത്‌ പുള്ളി(ചു­ട്ടി) കുത്തി തെക്കൻ കളരി അഭ്യ­സി­ക്കുന്ന മറ്റൊരു പ്രധാന കലാ­രൂ­പ­മാണ്‌ കുത്തി­യോട്ടം.

കാടു­ജാ­തി­മു­കൾ മലയപ്പൂപ്പൻ എന്നൊരു സങ്ക­ല്പത്തെ ഓർമ്മ­പ്പെ­ടുത്തി ചൂട്ടു­ഴി­യൽ വിത്തു­വി­ത­റൽ എന്നി­ങ്ങ­നെ­യുള്ള പ്രാചീ­ന­സം­സ്കാ­രവും ഇവിടെ നില­കൊ­ള്ളു­ന്നു. ദുരി­ത­ങ്ങൾ മാറു­ന്ന­തി­നായി എല്ലാ ഭവ­ന­ങ്ങ­ളും സന്ദർശിച്ച്‌ ചൂട്ടു­ഴിഞ്ഞ്‌ നെൽവിത്ത്‌ വിതറി ക്ഷേത്ര­ത്തിൽ തിരി­ച്ചെ­ത്തു­ന്നു.

വൃശ്ചികച്ചിറ­പ്പി­നോ­ട­നു­ബ­ന്ധിച്ച്‌ നട­ത്തുന്ന ഗുരു­തി­പൂജ(കു­രു­തി) ദ്രാവിഡ സംസ്കാ­ര­ത്തിന്‌ മറ്റൊ­രു­ദാ­ഹ­ര­ണ­മാ­ണ്‌. പണ്ടി­വിടെ കോഴി­ക്കു­രുതി നട­ന്നി­രു­ന്ന­തായി പറയ­പ്പെ­ടു­ന്നു. സർപ്പ­ക്കാവിലെ ആയില്യം മഹാ­മഹം തുലാ­മാ­സ­ത്തിലെ ആയി­ല്യം നാളിലാണ്‌. കാവിൽ കള­മെ­ഴുത്തും പുള്ളു­വൻ പാട്ടും, നൂറു­പാലും ഊട്ടും, സർപ്പം തുള്ളൽ, മൂന്ന്‌ വർഷം കൂടു­മ്പോൾ സർപ്പ­ബലി എന്നിവയാണ്‌ മുഖ്യ­മായി നട­ക്കു­ന്ന­ത്‌.

ഗണ­പ­തി, ശാസ്താ­വ്‌, മുരു­കൻ, ഉമാ­മ­ഹേ­ശ്വ­രൻ, എന്നീ ഉപദേവതകളും, ക്ഷേത്ര­ത്തി­നു­തെക്ക്‌ യോഗീ­ശ്വ­ര­ക്ക­ള­രിയും, സർപ്പ­ക്കാ­വ്‌, മൂർത്തി­ക്കാ­വ്‌ തുട­ങ്ങിയ കാവു­കളും ഇവിടെ മുഖ്യ­മായി ആരാധിക്ക­പ്പെ­ടു­ന്നു. ചൊവ്വാഴ്ച തോറും കാര്യസിദ്ധിപൂജ(നവാ­ക്ഷ­രീ­പൂ­ജ), വെള്ളി­യാഴ്ച തോറും നാര­ങ്ങാ­വി­ള­ക്ക്‌, ഐശ്വ­ര്യ­പൂ­ജ, ലക്ഷ്മീ­ദീ­പം, തുട­ങ്ങിയ പൂജ­കളും നട­ക്കു­ന്നു. നേർച്ച­കൾ ചെയ്യുന്ന ഭക്തർക്ക്‌ ഉദ്ദി­ഷ്ട­കാ­ര്യ­സിദ്ധിയും ഫല­പ്രാ­പ്‌­തിയും ലഭി­ക്കുന്നുവെന്നും ധാരാളം അനു­ഭ­വ­സ്ഥർ സാക്ഷ്യ­പ്പെ­ടു­ത്തു­ന്നു.

കൊട്ടാ­ര­ക്കര ഓയൂർ റൂട്ടിൽ ഓട­നാ­വട്ടം ഠൗണിൽ നിന്നും ഒരു കിലോ­മീ­റ്റർ പടിഞ്ഞാ­റ്‌ സൊസൈ­റ്റി­മു­ക്കിനും അമ്പ­ല­ത്തും­കാ­ലയ്ക്കും മദ്ധ്യ­ത്താ­യി വിശാ­ല­മായ ഭൂവി­സ്തൃ­തി­യിൽ പ്രകൃ­തി­ര­മ­ണീയമായ ചുറ്റു­പാ­ടിൽ കട്ട­യിൽ ശ്രീപാ­ല­യ്ക്കോ­ട്ടമ്മ തല­മു­റ­ക­ളുടെ രക്ഷ­ക­യായി ഏവർക്കും ആശ്ര­യ­മായി കുടി­കൊ­ള്ളു­ന്നു

Map

Add Reviews & Rate item

Your rating for this listing :